2010, ജനുവരി 6, ബുധനാഴ്‌ച

പുറപ്പെട്ടു പോയവന്റെ അവസാനത്തെ ആവശ്യം

ആദ്യം അവന്‍ അമ്മയുടെ മടിയില്‍
അമ്മിഞ്ഞ നുകര്‍ന്നുകിടന്ന്
അമ്പിളിയെ ആവശ്യപ്പെട്ടു.
പിന്നീട്‌ അഗ്നിയെ മറന്നുപോയ
അടുപ്പുകളെ നോക്കി
ആഹാരം വേണമെന്ന്
സ്വന്തം നഗ്നത അവനെ പൊള്ളിച്ചപ്പോള്‍
പുടവവേണമെന്ന്
അമ്മയുടെ കണ്ണുകളില്‍
ജ്വലിച്ചുനിന്ന നിസ്സഹായതയില്‍
അവന്റെ ആവശ്യങ്ങളുടെ
പട്ടിക നിലച്ചു.
ഒടുവില്‍ അവസാനത്തെ
പോരാട്ടത്തിനുശേഷം
കണ്ണുകള്‍ നഷ്ടപ്പെട്ട്‌
തിരിച്ചെത്തിയപ്പോള്‍
അമ്മയോടുള്ള അവന്റെ ആവശ്യം
ഒന്നുമാത്രമായിരുന്നു:
കാഴ്ച.

2009, സെപ്റ്റംബർ 20, ഞായറാഴ്‌ച

കഥ രാഷ്‌ട്രീയമാകുമ്പോള്‍


ഡോ. സി. ഉണ്ണികൃഷ്‌ണന്‍
വ്യവസ്ഥകളുടെ കര്‍ശനതകള്‍ കൊണ്ട്‌ പരിമിതപ്പെട്ടുപോകുന്ന ഒന്നല്ല ചെറുകഥയെന്ന്‌ അതിന്റെ സമീപകാലചരിത്രം തെളിയിക്കുന്നു. ഏതെങ്കിലും അതിവൈകാരിക ഭാവങ്ങളില്‍ നിന്ന്‌ സാന്ദ്രമായ അനുഭവങ്ങള്‍ പാകപ്പെടുത്താന്‍ പുതിയ കഥാകൃത്തോ, അത്തരം കഥകളെ സ്വീകരിക്കാന്‍ വായനക്കാരനോ തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെ കഥയുടെ ഭാവുകത്വം കുടുതല്‍ വിപുലമാവുകയും അതിന്റെ മേഖലകള്‍ വിസ്‌തൃതമാവുകയും ചെയ്യുന്നു. സമകാലിക ജിവിതവുമായി സമഞ്‌ജസ്സത കൈവരിച്ച സാഹിത്യരൂപം ചെറുകഥയാണെന്ന്‌ പറയുന്നത്‌ ഒട്ടും അതിശയോക്തിയായിരിക്കില്ല. ഇതിന്‌ കഥയെ സജ്ജമാക്കിയത്‌ കൈത്തഴക്കം കൊണ്ട്‌ കഥാലോകത്തിപ്പോഴും വിരാചിക്കുന്ന കാലഭൈരവന്മാരല്ല. മറിച്ച്‌, ജിവിതത്തെ മറയില്ലാതെ കാണാനും, ഉള്‍ക്കൊള്ളാനും, ഒരു മാധ്യമമെന്നനിലയില്‍ നിരന്തരപരിവര്‍ത്തനത്തിന്‌ വിധേയമാണ്‌ കഥയെന്ന്‌ വിശ്വസിക്കാനും കഴിയുന്ന ഒരു പുതുതലമുറയുടെ കരുത്തുറ്റ സാന്നിധ്യമാണ്‌. സാമൂഹ്യജീവിതത്തിന്റെ പരിണാമവേഗങ്ങളെ തിരിച്ചറിയുന്ന ഇവര്‍ സഹയാത്രികരായി സുരക്ഷിത മണ്‌ഡലങ്ങളിലൊതുങ്ങാനല്ല ശ്രമിക്കുന്നത്‌. പകരം അതിവേഗതയില്‍ കുതിക്കുന്ന ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക്‌ സംഭവിക്കുന്ന തകര്‍ച്ചയെ എടുത്തുകാട്ടാനും വിളിച്ചുപറയാനുമാണ്‌ ആഗ്രഹിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇവരുടെ ക്യതികള്‍ യാഥാര്‍ത്ഥ്യത്തിന്റെ ചോരപ്പൊടിപ്പും ആദര്‍ശത്തിന്റെ എല്ലുറപ്പും ഉള്ളതാകുന്നു. പ്രശാന്ത്‌ ചിറക്കരയുടെ ഖസാക്കിലെ ഉരഗം എന്ന ഈ കഥാസമാഹാരം ഇത്‌ തെളിയിക്കുന്നു. ആഗോളവല്‍ക്കരണം ജനതയുടെ രാഷ്‌ട്രീയ മനസ്സിനെ മരവിപ്പിക്കാനും നമ്മുടെ ആത്മവീര്യത്തെ ചോര്‍ത്തിയെടുക്കാനുമാണ്‌ ഉപയോഗിക്കുന്നത്‌. എല്ലാ മൂല്യങ്ങളെയും വിഴുങ്ങാന്‍ പ്രാപ്‌തമായ മൂലധന ശക്തികള്‍ കയ്യേറുന്നത്‌, ജനതയുടെ സമരോത്സുകമായ മനസ്സിനെ രൂപപ്പെടുത്തുന്ന രാഷ്‌ട്രീയത്തെയാണ്‌. `മുപ്പത്‌ വെള്ളിക്കാശില്‍' ഒറ്റികൊടുക്കപ്പെടുന്ന രാഷ്‌ട്രീയ സദാചാരത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്‌ ക്രിസ്‌തുവില്‍ നിന്നു തന്നെ തുടങ്ങുന്നുണ്ട്‌. ഇത്‌ കാലങ്ങളിലൂടെ സംക്രമിച്ച്‌ ഈ പണാധിപത്യ കാലഘട്ടത്തില്‍ അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയിരിക്കുന്നു. മുപ്പതു വെള്ളിയും ഒരു യൂദാസും എന്നത്‌ കാലക്രമത്തില്‍ പെറ്റുപെരുകിയിരിക്കുന്നു. രാഷ്‌ട്രീയത്തിന്റെ അടിത്തറ തകരുന്നതോടെ നിരാലംബരാകുന്ന ജനതയ്‌ക്കുമേല്‍ അരാജകന്യത്തമാടാം എന്ന ചിന്ത മൂലധനശക്തികള്‍ക്ക്‌ കരുത്തു പകരുന്നു. അവര്‍ പരത്തുന്ന തിന്മയുടെ രാഷ്‌ട്രീയത്തെ നന്നേ തിരിച്ചറിയുന്നത്‌ സാഹിത്യമാണ്‌ , വിശേഷിച്ചും ചെറുകഥ. അതിനാല്‍ കഥയുടെ അടിത്തറ രാഷ്‌ട്രീയമായിത്തീരുന്നു. `രാഷ്‌ട്രീയകഥ' എന്ന വ്യവഹാര രീതി മാറുകയും കഥകളെല്ലാം തന്നെ രാഷ്‌ട്രീയമാവുകയും ചെയ്‌തിരിക്കുന്നു. ഖസാക്കിന്റെ ഉരഗം മുന്നോട്ടുവെയ്‌ക്കുന്നതും രാഷ്‌ട്രീയത്തിന്റെ ചില നേരറിവുകളാണ്‌. ഗ്രന്ഥസംജ്ഞയ്‌ക്കാധാരമായ ഖസാക്കിലെ ഉരഗം ഉള്‍പ്പെടെ ആറ്‌ കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. നമ്മുടെ രാഷ്‌ട്രീയജീവിതം വന്നെത്തിനില്‌ക്കുന്ന ദുരിതദുരന്തങ്ങളുടെ ആറ്‌ ചിത്രങ്ങളാണ്‌ ഈ കഥകളാറും. സുഷുപ്‌തിയുടെ പാരമ്യതയിലും നമ്മെ ഉണര്‍ത്തിയിരുത്തുന്ന നിരപരാധം ഒരു ദുര്‍സ്വപ്‌നമല്ല, സമീപകാലസംഭവങ്ങളില്‍ നിന്നുള്ള ഒരു ചീന്ത്‌ ആണെന്നറിയുമ്പോള്‍ നമ്മുടെ സമൂഹം എത്തിനില്‍ക്കുന്ന ദുരന്തത്തിന്റെ പടുകുഴി വെളിപ്പെടും .രാഷ്‌ട്രീയ ജനാധിപത്യത്തില്‍ നീതി നിര്‍വ്വാഹണത വ്യാഖ്യാനങ്ങളുടെ പൊളളത്തരത്തില്‍ പൊളിഞ്ഞു വീഴുന്നത്‌ നാം ഇവിടെ അനുഭവിക്കുന്നു. കപടസ്‌നേഹത്തിന്റെ കെണിയില്‍പ്പെട്ട്‌ വീടുപേക്ഷിച്ച്‌ കാമുകനോടൊപ്പം പുറപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുപ്പത്‌ പേര്‍ ചേര്‍ന്ന്‌ മുപ്പത്‌ ദിവസത്തോളം പിച്ചിച്ചീന്തിയ കേസില്‍ `രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും രക്ഷപ്പെട്ടില്ല' എന്നകുറ്റം ചുമത്തി അപരാധികളെ നിരപരാധികളാക്കിയ നീതിപീഠത്തോട്‌ തീര്‍ത്തും ഹിംസാത്മകമായിത്തന്നെ പ്രതികരിക്കുന്ന പെണ്‍കുട്ടി സമീപകാല കേരളചരിത്രത്തിലെ ഒരു യാഥാര്‍ത്ഥ്യമാണ്‌. നീതി പീഠത്തിന്റെ മറന്നുപോയ കണ്ണട തെളിവുപോലെ വിധികര്‍ത്താവിന്‌ നല്‍കി അയാളുടെ വിധി അവള്‍ സ്വയം നിശ്ചയിച്ച്‌ നടപ്പാക്കുകയായിരുന്നു. അടിസ്ഥാന പ്രമാണങ്ങള്‍ നിലച്ചു പോകുമ്പോള്‍ നീതിനിര്‍വ്വഹണത്തിന്റെ നില എവിടെയെത്തിച്ചേരുമെന്നതിന്റെ സൂചനയാണ്‌ നിരപരാധം.ആഗോളവല്‍ക്കരണകാലത്തെ അധീശശക്തികളെയും ഇരകളെയും സൂക്ഷ്‌മമായി നിരീക്ഷിച്ചറിയുകയാണ്‌ പ്രശാന്ത്‌ ചിറക്കര തന്റെ കഥകളിലൂടെ. അരക്ഷിതം, തീവണ്ടികള്‍ ആത്മഹത്യ ചെയ്യുന്നത്‌, അവര്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യുമ്പോള്‍ എന്നിവ ഇതിന്‌ തെളിവാണ്‌. ന്യൂജനറേഷന്‍ ബാങ്കിന്റെ മുമ്പില്‍ തോക്കേന്തി ഒരു പ്രതിമയെ പോലെ നില്‍ക്കുന്ന കാവല്‍ക്കാരന്‌ താന്‍ ആത്മാഭിമാനം കൈമോശം വന്ന ഒരു ഇരയാണെന്ന്‌ തിരിച്ചറിയാന്‍ അധികകാലം വേണ്ടി വരുന്നില്ല. (അരക്ഷിതം) ഈ കെട്ടകാലം ജീവിക്കാന്‍ കൊളളില്ലെന്ന്‌ ചിന്തിച്ച്‌ ജീവനൊടുക്കാന്‍ റയില്‍പാളം തിരഞ്ഞെടുക്കാന്‍ ശ്രമിച്ചവരോട്‌ ഏ.സി.കോച്ചില്‍ കഴിയുന്നവരുടെ അസഹിഷ്‌ണുത (തീവണ്ടികള്‍ ആത്മഹത്യ ചെയ്യുന്നത്‌) പോരാടി നേടിയ സ്വാതന്ത്ര്യത്തെ വിദേശികള്‍ക്ക്‌ തീറെഴുതുന്നത്‌ സഹിക്കാനാവാതെ സന്ദേഹങ്ങളാല്‍ ഉലയുന്ന കൃഷ്‌ണന്‍കുട്ടിയുടെ അന്ത്യം (അവര്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യുമ്പോള്‍) ഇവയെല്ലാം നിരവധി ചോദ്യചിഹ്നങ്ങളായി അനുവാചക ഹ്യദയത്തില്‍ വന്ന്‌ തറയ്‌ക്കുകതന്നെ ചെയ്യും.ഉള്ളടക്കം കൊണ്ടും ആവിഷ്‌കരണരീതികൊണ്ടും സവിശേഷശ്രദ്ധയാകര്‍ഷിക്കുന്ന രണ്ട്‌ കഥകളാണ്‌ ഖസാക്കിലെ ഉരഗവും സക്കറിയയുടെ ഫ്‌ളാറ്റില്‍ നാഥുറാമും. കഥാപാത്രങ്ങള്‍ സ്യഷ്‌ടാവിനെ തേടുന്ന അസംബന്ധ നാടക സങ്കേതരീതിയിലല്ല ഒ. വി വിജയന്റെ ഉരഗവും സക്കറിയയുടെ നാഥുറാമും കാലങ്ങള്‍ക്കു ശേഷം തങ്ങളുടെ സ്യഷ്‌ടാക്കളെ കാണാനെത്തുന്നത്‌. തങ്ങളുടെ പിറവിക്കുശേഷം ചരിത്രത്തില്‍ തങ്ങള്‍ക്ക്‌ വന്ന പരിണാമമെന്തെന്ന്‌ വെളിപ്പെടുത്താനാണ്‌. എല്ലാവരും കൊണ്ടാടപ്പെടുമ്പോഴും മുഖ്യസ്ഥാനത്തെത്തേണ്ട തന്നെ എല്ലാവരും പാര്‍ശ്വവല്‍ക്കരിക്കുന്നതിലുളള വേദനയുമായാണ്‌ വിജയന്റെ ഉരഗത്തിന്റെ വരവ്‌. താന്‍ കൊലചെയ്‌ത വൃദ്ധനെക്കാളും തനിക്ക്‌ പേരും പെരുമയും ലഭിക്കുന്നതിലുളള ആഹ്‌ളാദം പങ്കുവെക്കാനാണ്‌ നാഥുറാം സക്കറിയയെ തേടിയെത്തുന്നത്‌. സക്കറിയയുടെ പേര്‌ അപഹരിക്കാനുളള അധീശത്വവും അയാള്‍ പ്രകടിപ്പിക്കുന്നുണ്ട്‌. കരുത്തു നേടുന്ന ഫാസിസ്റ്റ്‌ പ്രവണതയെക്കുറിച്ചുളള മുന്നറിയിപ്പാണ്‌ ഈ കഥ. അതുപോലെ ഇപ്പോഴും തമസ്‌ക്കരിക്കപ്പെടുന്ന കീഴാളസ്വത്വം ഖസാക്കിലെ ഉരഗത്തിലും വെളിപ്പെടുന്നു.മലയാള ചെറുകഥയ്‌ക്ക്‌ സമീപകാലത്ത്‌ കൈവന്ന ഉള്‍ക്കരുത്തിന്‌ ഉത്തമനിദര്‍ശനമാണ്‌ പ്രശാന്ത്‌ ചിറക്കരയുടെ ഈ കഥാസമാഹാരം. ഖസാക്കിലെ ഉരഗം തുറന്നിടുന്ന ആശയപ്രപഞ്ചം തീര്‍ച്ചയായും നമ്മുടെ വായനക്കണ്ണുകളെ തുറിച്ചുനോക്കുക തന്നെ ചെയ്യും.